വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2013

എന്തു കൊണ്ട് ഇങ്ങനെ ?

       
    സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ കുറയ്കാന്‍ സമൂഹത്തിനും ഗവണ്മെന്റിനും എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചു ഗൗരവമേറിയ ചര്‍ച്ചകള്‍ നാം എന്നും മാധ്യമങ്ങളില്‍ കാണുന്നു. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കൗമാരക്കാരായ ആണ്‍കുട്ടികളെ മര്യാദക്കാരാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പരിപാടിയാണ്. സ്ത്രീകളോടുള്ള മനോഭാവം മാറ്റാനാണ് ഇത്തരമൊരു പരിപാടി എന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു വാർത്ത വിരൽ ചൂണ്ടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയായിലേയ്ക്കാണ്. മഹാത്മാ ഗാന്ധി വിഭാവന ചെയ്ത 'സമഗ്രമായ വ്യക്തിത്വ വികസനം' എന്ന ആശയം നാം കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ നിന്ന് അന്യം നിന്നു പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
      ഏറ്റവും പുതിയ സംഭവ പരമ്പരയായാലും ഡൽഹിയിലെ കൂട്ടബലാൽസംഗമായാലും കേരളത്തിൽ മകളുടെ ചാരിത്ര്യം വില്പന ചരക്കാക്കിയ സംഭവമായാലും വെടിയുതിർത്ത് പെറ്റമ്മയുടെ നെഞ്ചു പിളരുന്നത് കണ്ടിട്ടുപോലും അക്രമാസക്തി തീരാതെ സ്കൂളിലേയ്ക്കു പാഞ്ഞ് കയറി പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ അമേരിക്കയിലായാലും പൊതുവായി സംഭവിച്ച മൂല്യച്യുതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രോഗശയ്യയിലായ അവശനായ അച്ഛനെ വീടിനു പുറത്തിറക്കിവിട്ടതും അമ്മയെ തൊഴുത്തിൽ തള്ളിയതും സഹോദരിയെ പീഢിപ്പിച്ചതും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യരെ വെട്ടി തുണ്ടമാക്കിയതും .... അങ്ങനെ എന്തെല്ലാം നാം കണ്ടു ? ഇനി എന്തെല്ലാം കാണേണ്ടി വരും ? അടുത്ത അപലപനീയമായ സംഭവത്തിനു വേണ്ടി കാത്തിരിക്കുകയാണ്, പ്രസ്താവനകളിറക്കാനും "ഹയ്യോ കഷ്ടം" എന്നോതി സഹതപിക്കാനും...
എവിടെ വച്ചാണ് നാം ദിശ മാറിയത് ?
എത്ര തലമുറകൾക്കു മുൻപ് ?
ആരാണ് ഇതിനുത്തരവാദി ?
    ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കന്നതിനാവശ്യമായ അറിവും അനുഭവവും വിവേകവും എല്ലാം ഏറെക്കുറേ ലഭിക്കുന്നത് അയാൾ വിദ്യാഭ്യാസം ചെയ്യുമ്പോൾ ആണ്. മൂല്യബോധത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നത് സ്കൂളിൽ നിന്നാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് വയസ്സുള്ള ഏതു കുട്ടിയും കേരളത്തിലെ ഏതെങ്കിലും ഒരു സ്കൂളിലെ വിദ്യാർത്ഥിയായിരിക്കും. പ്രാഥമിക വിദ്യാഭ്യാസ പ്രക്രിയയിൽ അവൻ ഒരു നിർബന്ധിത പങ്കാളിയാണ്. മൂല്യബോധത്തിലൂന്നിയ അറിവു നേടാൻ എല്ലാ കുട്ടികളും വിദ്യാഭ്യാസം എന്ന ഒരൊറ്റ കുടക്കീഴിലാണ് നീണ്ട 12 വർഷക്കാലം. മൂല്യ ബോധനം സാധ്യമാക്കുന്ന തരത്തിലാണ് നമ്മുടെ പാഠ്യപദ്ധതി രൂപ കല്പന ചെയ്തിട്ടുള്ളത്. ഏതു വിഷയത്തിലായാലും ഭാഷയിലായാലും പാഠഭാഗങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് ഒരു പ്രശ്നത്തെ ആസ്പദമാക്കിയും മൂല്യാധിഷ്ടിതമായ പ്രശ്നപരിഹാരത്തിന് കുട്ടിയെ പ്രാപ്തനാക്കുന്ന രീതിയിലുമാണ് . കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിക്കുന്നു എന്നുറപ്പു വരുത്താൻ ഗവണ്മെന്റു തലത്തിൽ ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നു. സ്കോളർഷിപ്പ്, ഉച്ചകഞ്ഞി, സൗജന്യമായി പാഠപുസ്തകങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
ഏപ്രിൽ മെയ് മാസങ്ങളിൽ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും തങ്ങളുടെ സ്കൂളിൽ 'നിങ്ങളുടെ കുട്ടി' വിദ്യാഭ്യാസം ചെയ്യുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന 'സൗഭാഗ്യങ്ങൾ' എന്തെല്ലാമാണെന്ന് ഊന്നി പറയുന്നു. സ്കൂൾ ബസ് ഓടിക്കുന്നതിനും, സൗജന്യ യ്യൂണിഫോം നൽകുന്നതിനും വേണ്ട സാമ്പത്തിക ബാദ്ധ്യത അദ്ധ്യാപകർ ഏറ്റെടുക്കുന്നു. അങ്ങനെ ആ പ്രദേശത്തെ മറ്റൊരു സ്കൂളിനെപ്പറ്റി ആലോചിക്കുക പോലും ചെയ്യരുതെന്ന ഇച്ഛാശക്തിയോടെ നമ്മൾ കഠിന പ്രയത്നം ചെയ്ത് ഒരു വിധത്തിൽ നമ്മുടെ പോസ്റ്റ് ഉറപ്പാക്കുന്നു.

ഇനി എന്ത് ?
ഹാ... എന്തൊരു ചോദ്യം ?
ഇത്രയും പോരെ ?
ഇതിൽ കൂടുതൽ എന്തു ചെയ്യാൻ ?

     ഇനി നമുക്കു പാഠം 'തീർക്കാം'. തീർക്കാതിരുന്നാലല്ലേ പരാതിയുള്ളൂ.' ഒറ്റക്കുട്ടി പോലും പാഠം തീർന്നില്ല എന്നു പറഞ്ഞു പോകരുത്. അതാണ് നമുക്ക് വേണ്ടത്. പിന്നെ പരീക്ഷ നടത്തണം... എങ്ങനെ ? പരീക്ഷാ ചോദ്യപെയ്പറുകളുമായി ക്ലാസിൽ പോകാം ചോദ്യ പെയ്പറുകൾ വിതരണം ചെയ്ത് വാതിലിൽ ചാരി നിന്ന് പുറത്തേയ്ക്ക് നോക്കി കാഴ്ചകൾ കാണാം. കുട്ടികൾ 'ഗ്രൂപ് ചർച്ച' ചെയ്ത് എഴുതുന്ന ഉത്തരങ്ങളിൽ ചുവപ്പു മഷി കൊണ്ട് ശരി അല്ലെങ്കിൽ തെറ്റ് എന്നു വരയ്ക്കാം. എന്താണ് തന്റെ ഉത്തരത്തിലെ തെറ്റ് എന്ന് കുട്ടിയ്ക്ക് അറിയാൻ അർഹതയില്ല. അല്ലെങ്കില്‍ എങ്ങനെ തനിക്ക് കൂടുതൽ മാർക്കു നേടാനാകും എന്ന് അറിയാൻ ഭാഗ്യമില്ല. പ്രോത്സാഹനം നൽകാൻ നമുക്കുണ്ടോ നേരം? എത്ര കെട്ട് പെയ്പറുണ്ട് നോക്കാൻ ? നോക്കി തീരണ്ടേ ? അതൊന്നും നടക്കില്ല എന്നാണ് നമ്മുടെ ഭാവം. ഇത്രയും കുട്ടികളെ വീട്ടിൽ പോയിക്കണ്ട് നമ്മുടെ സ്കൂളിൽ തന്നെ ചേരുന്നു എന്നുറപ്പു വരുത്തുമ്പോൾ ഈ 'ജോലിഭാര'ത്തെക്കുറിച്ചു നാം മറക്കുന്നു.
അടുത്തിരിക്കുന്ന സുഹൃത്തിന്റെ ഉത്തരം അതേപടി പകർത്തി മാര്‍ക്ക് നേടുന്ന കുട്ടി അധ്വാനത്തിന്റെ, വിയർപ്പിന്റെ രുചി അറിയാതെ കിട്ടുന്ന മാർക്കിന്റെ പേരിൽ അഹങ്കരിക്കുന്നു. അന്യന്റെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല മോഷ്ടിക്കുന്നവനും വീട്ടമ്മയെ കൊലപ്പെടുത്തി പണം അപഹരിച്ചവനും ഈ ഉത്തരം പകർത്തുകാർ ആയിരുന്നോ എന്ന് ആരന്വേഷിക്കുന്നു ?

    ഇത്രയും എഴുതിയത് മൂല്യ ബോധം പകർന്നു നൽകുന്നതിൽ നാം എവിടെയെല്ലാം പരാജയപ്പെടുന്നു എന്ന് സൂചിപ്പിക്കാനാണ്. ഏതാനും തലമുറകൾക്ക് മുമ്പ് മൂല്യബോധനത്തിൽ വിട്ടു വീഴ്ച വരുത്തിയ ഒരു അദ്ധ്യാപക തലമുറയുണ്ടായിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം നേടിയ തലമുറ ഈ വീഴ്ചയുടെ ഇരകളാവുകയും അവരെല്ലാം പിന്നീട് അദ്ധ്യാപകരും ഡോക്ടർമാരും എഞ്ചിനിയർമാരും രാഷ്ട്രീയക്കാരും നിർമ്മാണതൊഴിലാളികളും പോലീസുകാരും പട്ടാളക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ഗുമസ്തന്മാരും എ..-മാരും ഡി.., ഡി.ഡി. എന്നു വേണ്ട സർവ്വോപരി രക്ഷിതാക്കളായും പരിണമിച്ചു. ഇവരെല്ലാം ചേർന്നു നൽകിയ 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസം' കൊണ്ട് പിൻ തലമുറയും അതിന്റെ പിൻ തലമുറകളും 'ഇന്നത്തെ കേരള ജനതയ്ക്കു' രൂപം കൊണ്ടു. അങ്ങനെ നമ്മൾ രാഷ്ട്ര ശിൽപ്പികളായി.

ഇതല്ലേ സത്യത്തിൽ ഉണ്ടായത് ?

     നമുക്കു തൊഴിൽ സുരക്ഷിതത്വം ഉണ്ട്. ഇനി അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ നമുക്കു സംരക്ഷണം നൽകാൻ അദ്ധ്യാപക സംഘടനകളും യൂണിയനുകളും ഉണ്ട്. പ്രശ്നം ഏറ്റെടുക്കാൻ, പരിഹരിക്കാൻ. ഈ തൊഴിൽ സംരക്ഷണത്തിന്റെ ഒരു 'ഹുങ്ക് ' അറിഞ്ഞോ അറിയാതെയോ നാം പ്രകടിപ്പിക്കുന്നില്ലേ?

     10 വർഷം നമ്മുടെ മുമ്പിൽ ഇരുന്ന ആയിരക്കണക്കിനു കുട്ടികൾ കുട്ടികൾ അടിസ്ഥാന ശേഷി പോലും നേടാൻ കഴിയാതെ ആത്മവിശ്വാസം നശിച്ച പരീക്ഷയിൽ പരാജയം ഏറ്റു വാങ്ങി തല കുനിച്ചു പുറത്തു പൊകുന്നു. എന്തെങ്കിലും ജോലി ചെയ്ത് മാന്യമായി ജീവിക്കണം എന്ന ആദർശ ധീരന്മാരുടെ എണ്ണം കുറയ്ക്കാൻ മാത്രമേ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയുന്നുള്ളൂ എന്നത് അദ്ധ്യാപക സമൂഹത്തിനു തന്നെ ലജ്ജാകരമാണ്.

      കുട്ടികളിൽ ഒരു നല്ല വ്യക്തിയായി മാറാൻ വേണ്ട മൂല്യബോധം നൽകാൻ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെടുമ്പോൾ അതിന്റെ പ്രതിഫലനം സമൂഹത്തിന്റെ നാനാ തുറകളിലും നമുക്കു ദർശിക്കാം. നമുക്ക് ആരാധനാലയങ്ങളും, മതപണ്ഡിതരും, മതപാഠശാലകളും, മത ഗ്രന്ഥങ്ങളും കുറഞ്ഞതല്ല ഈ അരാജകത്വത്തിന് കാരണം. ഇതിന്റെയെല്ലാം അന്തസത്ത ഉൾക്കൊള്ളാൻ വേണ്ട മാനസികശേഷി വിദ്യാഭ്യാസത്തിനു നൽകാൻ കഴിയുന്നില്ല എന്നതാണ്. ഇവിടെ രക്ഷിതാക്കളേയോ, സമൂഹത്തിനെയോ, സാഹചര്യത്തെയോ, വ്യവസ്ഥിതിയെയോ കുറ്റപ്പെടുത്തി രക്ഷപെടുകയല്ല അദ്ധ്യാപകർ ചെയ്യേണ്ടത്. എന്നോ ഏതോ കാലത്ത് അദ്ധ്യാപകനു പറ്റിയ തെറ്റ് ആധുനിക ലോകത്തെ അദ്ധ്യാപകർ തിരിച്ചറിയുകയും അത് തിരുത്താൻ വേണ്ട സവിശേഷബുദ്ധി കാണിക്കുകയുമാണ് വേണ്ടത്.

വാക്കുകൾ കൊണ്ട് പ്രതികരിക്കുകയല്ല...
പ്രവർത്തിച്ചുകൊണ്ടുള്ള പ്രതികരണമാണ് നമുക്ക് ആവശ്യം....

     ഇവിടെ ക്രിയാത്മകമായ മാറ്റം വരുത്തുവാൻ ശക്തിയുള്ളവർ നാം തന്നെയാണ്. നമുക്കു മാത്രമേ അതിനു കഴിയൂ.. ഒരു കുട്ടിയുടെ മാനസികവും, ബൗദ്ധികവും, ശാരീരികവുമായ വളർച്ച ഏറ്റവും വേഗം ആർജ്ജിക്കുന്ന കാലഘട്ടത്തിൽ അവൻ നമ്മോടൊപ്പമാണെന്നതു കൊണ്ട് തന്നെ , നമുക്കു മാത്രമേ അതു സാധ്യമാകൂ...
നാം ഒരു സ്വയം വിലയിരുത്തലിനും തിരുത്തലിനും തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലേക്കു വിരല്‍ ചൂണ്ടുന്നതാണ് മാതൃഭൂമി പത്രത്തില്‍ കഴിഞ്ഞ ദിവസം (3.3.2013) വന്ന ഈ വാര്‍ത്ത.
     യോജിച്ചും, വിയോജിച്ചും ഉള്ള അഭിപ്രായ കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നതോടൊപ്പം മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ ഒരു അദ്ധ്യാപകൻ എന്ന നിലയിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു കൂടി നിർദ്ദേശിക്കൂ...

Sri. Ram Das Vallikkaattil
H.S.A. English
National High School,
Kolathoor,Malappuram


If there are any typing errors please contact


3 അഭിപ്രായങ്ങൾ:

Greeshma പറഞ്ഞു...

hats off sir
namukkoke parayanum cheyanum othiri baakiyund
kuttikale bhandhangalude vila padippikanulla kalam athikramichirikkunnu gradinu vendi mathram padikkathe samoohathinu vendi padikkendiyirikkunnu padippikkendiyirikkunnu

JIM JO JOSEPH പറഞ്ഞു...

കാലികപ്രാധാന്യമുള്ള ഏറെ ശക്തമായ പോസ്റ്റ്.....അഭിനന്ദനങ്ങള്‍....
രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാകാതെ പോകുന്നതാണ് ഇന്നത്തെ തലമുറയുടെ വഴിപിഴച്ച പോക്കിനടിസ്ഥാനം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അണുകുടുംബവ്യവസ്ഥിതിയില്‍ കുട്ടികള്‍ക്കാണ് പ്രാധാന്യം. അവര്‍ വരച്ച വരയില്‍ മാതാപിതാക്കള്‍ നില്‍ക്കും. കുട്ടികളെ നിയന്ത്രിക്കാനോ, ഒന്നു വഴക്കുപറയാനോ, തെറ്റുകാണിച്ചാല്‍ ശിക്ഷിക്കാനോ അവര്‍ക്കു കഴിയുന്നില്ല. ആത്മഹത്യാഭീഷണി മുഴക്കി മാതാപിതാക്കളെ ലക്ഷ്മണരേഖയില്‍ നിര്‍ത്താന്‍ ഇന്നത്തെ കുട്ടികള്‍ക്കറിയാം. ഫലമോ, കുട്ടികളെ ഉപദേശിക്കാനും,വഴക്കുപറയാനും, തെറ്റുകാണിച്ചാല്‍ ശിക്ഷിക്കാനും ഉള്ള ഉത്തരവാദിത്തം പൂര്‍ണമായും അധ്യാപകവര്‍ഗത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷിതാക്കള്‍ കൈകഴുകുന്നു. പീഡനങ്ങളും, പിഴവുകളും ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ പഠനറിപ്പോര്‍ട്ടിലും എഡിറ്റോറിയലിലും അവസാനം അധ്യാപകനെ കുരിശിലേറ്റുന്നു...തലമുറയെ വഴിപിഴപ്പിച്ചതിന്....
മൊബൈല്‍ഫോണിലും, ടി.വിയിലും മറ്റും മക്കളോടൊപ്പം വൃത്തികെട്ട വീഡിയോകള്‍ കണ്ടാസ്വദിക്കുന്ന മാതാപിതാക്കളും,കുട്ടികള്‍ക്കു മദ്യം പകര്‍ന്നുനല്‍കി ബാലപാഠം അഭ്യസിപ്പിക്കുന്ന ബന്ധുക്കളും, സ്ത്രീയുടെ നഗ്നതാപ്രദര്‍ശനപ്രധാനമായ പരസ്യങ്ങളും,സിനിമ-സീരിയലുകളും, മനസില്‍ ഭീകരത വളര്‍ത്തുന്നന കംപ്യൂട്ടര്‍ ഗെയിമുകളും,ന്യൂജനറേഷന്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന നവതരംഗസിനിമകളും, ആഘോഷിക്കപ്പെടുന്ന പീഡനകഥകളും ഒക്കെയല്ലേ നമ്മുടെ തലമുറയെ നശിപ്പിക്കുന്നത്?

പുസ്തകവായനയില്‍നിന്നകന്ന തലമുറയാണിന്നുള്ളത്. എല്ലാത്തരം പുസ്തകങ്ങളും വായിച്ച് നന്മതിന്മകള്‍ വിവേചിച്ചറിഞ്ഞ് ജീവിച്ചവരാണ് മുന്‍തലമുറക്കാര്‍. ഇന്ന് വായിക്കാന്‍ സമയമില്ല. ടി.വിയിലും കംപ്യൂട്ടറിലും കാണാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്‍പര്യം. എല്ലാം ക്യാപ്സൂളുകളാക്കി കുട്ടികള്‍ക്കുനല്‍കി അവരുടെ സര്‍ഗാത്മകത നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കുമുണ്ട്.

കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ഉചിതമായ സമയത്ത് ഉചിതമായിനല്‍കുന്ന ശിക്ഷകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സര്‍ക്കാരും, സൈക്യാട്രിസ്റ്റുകളും എന്തൊക്കെ വാദമുഖങ്ങള്‍ ഉന്നയിച്ചാലും ചൂരല്‍പ്രയോഗം വീട്ടിലും സ്കൂളിലും പൂര്‍ണമായും ഒഴിവാക്കരുത്. തനിക്കെന്തും ആകാമെന്ന് വിചാരിക്കുന്ന കുട്ടികള്‍, തനിക്കുകിട്ടാതെ പോയതെല്ലാം ഒരുകുറവും കൂടാതെ തന്‍റെ മക്കള്‍ക്കുകിട്ടണമെന്ന് ശഠിക്കുന്ന രക്ഷിതാക്കള്‍, ഉപദേശിച്ചുതേഞ്ഞുപോയ നാക്കുമായി നമ്മള്‍ പാവം അധ്യാപകര്‍...... നമ്മുടെ നാടുനന്നാവും!!!!

Suja Ramesh പറഞ്ഞു...

sir,
That is a thought provoking article.
Society has various dimensions.We can find fault with the government, superiors, parents, locations, text books, teaching methods etc. But this blaming wouldn't help improve anything.
Let's think what are our strengths. How best we can use our resources.
Let's introspect whether, as a teacher are you doing your duty with involvement? Is this job just a source of income? Did you have aptitude to be a teacher at the time of joining this job?
When there are so many experiences about gaining glorious results surpassing the disadvantages, why can't we march to success using our resources?
I am sure, we, the teacher community can do wonders if we have the dedication and aptitude.
Do not wait for encouragement and praises. Find satisfaction in the progress of our students.
Work is worship!