എന്നാ ഇതൊന്നു വായിച്ചും വെച്ചേച്ചു പോ പിള്ളേരെ...
ഞങ്ങടെ കാലത്ത് പത്താം ക്ലാസ് എത്തുന്നതൊക്കെ കണക്കാ... അയിനും മുന്നേ പിടിച്ചു കെട്ടിച്ചു വിടും. നിങ്ങക്കൊക്കെ എന്നാ ഭാഗ്യവാ... പഷേ ഇപ്പളത്തെ പിള്ളേര്‍ക്ക് പേടി കൂടുതലാ... ഓ ഒന്നും പേടിക്കണ്ട കാര്യമില്ലന്നേ... നിങ്ങളോടിപ്പം ഒന്നാം ക്ലാസിലെ പരീഷ എഴുതാന്‍ പറഞ്ഞാ പേടിയൊണ്ടോ ? കൊറേക്കാലം കഴിയുമ്പോ ഇതും അത് പോലൊക്കെ തന്നെയേ കാണ്വോള്ളന്നേ... അതോണ്ടു പേടിക്കാണ്ട് പോയി എഴുതിനെടാ മക്കളെ ... പിന്നെ താഴെ കാണുന്നത് കൂടി വേണേ വായിച്ചേരെ...
പരീക്ഷക്ക് മുമ്പ്
1. ആവശ്യത്തിനു തയാറെടുപ്പുകള്‍ നടത്തുക. എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങള്‍, നോട് ബുക്കുകള്‍ ,ഇന്‍സ്ട്രമെന്റ് ബോക്സ് അങ്ങനെ ഉള്ളവയെല്ലാം തയ്യാറാക്കുക. ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ളവയൊന്നും ബോക്സിലോ റൈറ്റ് പാഡിലോ ഇല്ല എന്നുറപ്പാക്കുക.
2. സമയത്ത് സ്കൂളില്‍ എത്തുവാന്‍ ശ്രമിക്കുക. ഹോള്‍ ടിക്കറ്റ് പോലുള്ള അവശ്യ സാമഗ്രഹികള്‍ മറക്കാതെ ശ്രദ്ധിക്കുക.
3. ഹോളിലേയ്ക്കു കയറുന്നത്തിനു തൊട്ടു മുമ്പ് റ്റെന്‍ഷന്‍ ഉണ്ടാക്കാവുന്ന കാര്യങ്ങള്‍ കഴിവതും ഒഴിവാക്കുക. മനസ്സിനെ ശാന്തമാക്കി വെയ്ക്കുക.
പരീക്ഷാ ഹോളില്‍
1. ഹോളിനുള്ളില്‍ അധ്യാപകരോട് മാത്രമേ സംസാരിക്കൂ എന്ന് തീരുമാനിക്കുക.
2. മനസ്സിനെ ശാന്തമാക്കി വെയ്ക്കുക.
3. മാതാപിതാക്കളും നമ്മെ നാലോ അഞ്ചോ വയസ്സ് മുതല്‍ ഇന്നലെ വരെ പഠിപ്പിച്ച ഗുരുക്കന്മാരും മറ്റു പലരും നമ്മുടെ വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്. അവരെയെല്ലാം നന്ദിയോടെ ഓര്‍ക്കാം.
4. സര്‍വ്വോപരി ഈശ്വരാനുഗ്രഹം തേടാം. നമ്മെ പോലെ തന്നെ അനേകര്‍ അതേ സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരീക്ഷയെ നേരിടുന്നണ്ടാവാം . അവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാം.
5. കോപി അടിക്കുന്നത് മോഷണം തന്നെയാണ് . ആത്മാര്‍ഥമായി പഠിച്ചവരോടുള്ള അനീതിയാണ് . തെറ്റിന്റെ പാത വേണ്ട എന്ന് തീരുമാനിക്കുക . നമുക്ക് അറിയാവുന്നതിന്റെ മാര്‍ക്ക് മതി. കിട്ടുന്ന മാര്‍ക്ക് കോപി അടിക്കാതെ സ്വന്തമായി പഠിച്ചു നേടിയതാണെന്ന് അഭിമാനിക്കാമല്ലോ.
6. കൂട്ടുകാരെ സഹായിക്കുന്നത് പരീക്ഷാ ഹോളിനു വെളിയില്‍ മാത്രം. പരീക്ഷാ ഹോളിനുള്ളില്‍ അത് ചെയ്യുന്നത് തെറ്റാണ് . നമുക്ക് വലിയ സമയ നഷ്ടവും പിടിക്കപ്പെടുമോ എന്ന ടെന്‍ഷന്‍ നാം പഠിച്ചു വെച്ചിരിക്കുന്നത് മറന്നു പോകുവാനും ഇടയാക്കും .
7. ഫെയ്സിംഗ് ഷീറ്റില്‍ വിവരങ്ങള്‍ എല്ലാ ദിവസവും കൃത്യമായി തന്നെ രേഖപ്പെടുത്തണം . ആദ്യ ദിവസങ്ങളില്‍ അതൊക്കെ ശ്രദ്ധിക്കുമെങ്കിലും പിന്നീട് അശ്രദ്ധ ഉണ്ടാവാന്‍ സാധ്യതയുണ്ട് . പ്രത്യേകിച്ചു രെജിസ്ടര്‍ നമ്പര്‍ .
8. കൂള്‍ ഓഫ് റ്റൈം ചോദ്യങ്ങളെ പരിചയപ്പെടുവാനും പ്ലാന്‍ ചെയ്യുവാനും ഉള്ളതാണ് . അധ്യാപകരുടെ കണ്ണ് വെട്ടിച്ചു ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്യരുത് .
9. ഉത്തരങ്ങള്‍ ക്രമാമായി എഴുതി പോകുന്നതാണ് നല്ലത് . ചോദ്യ പെയ്പറിനു നാലിലധികം പെയ്ജുകള്‍ ഉണ്ടാവുമല്ലോ ? ഉത്തരങ്ങള്‍ നമ്മുടെ സൗകര്യത്തിന് പല പേയ്ജുകളില്‍ നിന്നായി എഴുതുമ്പോള്‍ അത് നോക്കാനായി അധ്യാപകനും ചോദ്യ കടലാസിന്റെ പെയ്ജുകള്‍ പലവട്ടം മറിക്കേണ്ടതായി വരും. അത് ദേഷ്യത്തിന് കാരണമായേക്കാം. ആദ്യം മുതല്‍ എഴുതി പോവുക. ഒന്നും രണ്ടു എഴുതി. മൂന്നാമത്തെ ചോദ്യം അറിയില്ലെങ്കില്‍ സൈഡില്‍ ഒരു അടയാളം ഇട്ടിട്ട് അടുത്തതിലേക്ക് പോവുക. ഇങ്ങനെ അറിയില്ലാത്തത് തല്‍കാലം വിട്ടിട്ടു പോവുകയും അറിയാവുന്നതെല്ലാം എഴുതി കഴിയുമ്പോള്‍ ആദ്യം മുതല്‍ വിട്ടു കളഞ്ഞവയെല്ലാം ക്രമത്തില്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയും ചെയ്യുക. അപ്പോള്‍ നമുക്കും നോക്കുന്ന ആള്‍ക്കും സൗകര്യപ്രദമാകും .
9. കഴിവതും വെട്ടും തിരുത്തും ഒഴിവാക്കുക. പ്രത്യേകിച്ച് ആദ്യ പെയ്ജില്‍. മോശമായ അഭിപ്രായം ആദ്യം തന്നെ ഉണ്ടാവാന്‍ ഇടയുണ്ട് . അഥവാ വെട്ടേണ്ടതായി വന്നാല്‍ ഒന്നോ രണ്ടോ തവണ മാത്രം വെട്ടുക.
10. അഡീഷ്നല്‍ പെയ്പറുകള്‍ വാങ്ങിയാലുടന്‍ തന്നെ പെയ്ജ് നമ്പര്‍ ഇടും എന്ന് തീരുമാനിക്കുക . ആവശ്യത്തിനു മാര്‍ജിന്‍ എല്ലാ പെയ്പറിലും ഇടുവാന്‍ മറക്കരുത് . ചോദ്യത്തിന്റെ നമ്പര്‍ ഇടുവാന്‍ മാത്രമല്ല ഉത്തരം വാല്യൂ ചെയ്യുന്ന ടീച്ചര്‍ക്ക് മാര്‍ക്കിടുവാന്‍ ഉള്ള സ്ഥലവും വേണമല്ലോ ?
11. കുത്തിക്കെട്ടുന്ന ഭാഗം ഒഴിവാക്കി എഴുതുന്നതാണ് ബുദ്ധി. ഉത്തരത്തിന്റെ പ്രധാന ഭാഗം കേട്ടിനുള്ളിലായി മാര്‍ക്ക് പോകരുതല്ലോ..
12. ഓരോ ചോദ്യത്തിനും ആവശ്യമുള്ള സമയം മാത്രം ചിലവാക്കുക. ചില ചോദ്യങ്ങള്‍ക്ക് അമിതമായി സമയം ചിലവാക്കിയാല്‍ മറ്റു ചിലതിനു സമയം തികയാതെ വരും.
13. പരീക്ഷ തീരുന്നതിന് അഞ്ചു മിനിറ്റ് മുമ്പെങ്കിലും എഴുതി തീര്‍ത്ത ശേഷം അറിയാവുന്നതെല്ലാം എഴുതിയെന്നും നമ്പറുകള്‍ മാറി പോയിട്ടില്ലെന്നും എല്ലാത്തിനും നമ്പര്‍ ഇട്ടുവെന്നും പെയ്ജുകള്‍ കൃത്യമായാണ് അടുക്കിയിരിക്കുന്നത് എന്നുമൊക്കെ ഉറപ്പാക്കണം.
14. പെട്ടന്ന് അഴിഞ്ഞു പോകുന്ന വിധത്തില്‍ നൂല്‍ കെട്ടരുത് .
പരീക്ഷക്ക് ശേഷം
1. ഈശ്വരന് നന്ദി പറയുക. നമ്മുടെ പേരില്‍ മാത്രമല്ല. നമ്മെ പോലെ പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് കുട്ടികളുടെ പേരിലും...
2. ചര്‍ച്ചകള്‍ ഒഴിവാക്കി വീട്ടില്‍ പോകുന്നതാണ് ബുദ്ധി. കഴിഞ്ഞത് കഴിഞ്ഞു. ആ വിഷയത്തിന ഇനിയൊന്നും ചെയ്യാനാവില്ല. പറ്റിയ അബദ്ധങ്ങള്‍ അടുത്ത പരീക്ഷക്ക് പറ്റാതെ നോക്കും എന്ന് തീരുമാനിക്കുക.
ഈ പോസ്റ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ